on k g sankarappillai

പുതിയലോകത്തെയും ലോകാനുഭവങ്ങളെയും അഭിമുഖീകരിക്കുകയും ആന്തരികവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു കവിസ്വത്വത്തില്‍നിന്നു മാത്രമേ കാവ്യഭാഷയുടെ വലിയവീച്ഛേദങ്ങള്‍ പ്രതീക്ഷിക്കാവൂ. ഇത്തരമൊരു യഥാര്‍ത്ഥപ്രതിസന്ധീബോധത്തിന്‍റെ നടുക്കയങ്ങള്‍ അന്വേഷിക്കാന്‍ ഈ ചര്‍ച്ചപ്രേരകമായത് എന്നെ ആഹ്ലാദിപ്പിക്കുന്നു. പദങ്ങള്‍ കൊരുക്കുമ്പോഴും വാക്യഘടനയില്‍ ക്രമഭംഗം സൃഷ്ടിക്കുമ്പോഴും ശങ്കരപ്പിളളയില്‍ സംഭവിക്കുന്ന ആവര്‍ത്തനവിരസത കാവ്യാഖ്യാനപ്രശ്നമെന്നതിനുമപ്പുറം  പുതിയലോകത്തെ സര്‍ഗ്ഗപരമായി അപനിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്‍റെ കാവ്യങ്ങള്‍  പരാജയപ്പെടുന്നു എന്നതുകൂടിയാണ്. പുതിയ കവികളുടെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്ന ശങ്കരപ്പിളളയുടെ ഭാഷാപ്രേതത്തെക്കുറിച്ചും അശോകന്‍ സൂചിപ്പിക്കുന്നുണ്ട്. അപ്പോഴിത് മലയാളകവിതയ്ക്കുതന്നെ നേരിട്ടി്ട്ടുളള ഒരുസ്തംഭനാവസ്ഥയായി രൂപം മാറുന്നു. ചര്‍ച്ച സമകാലകാവ്യലോകത്തെക്കുറിച്ചാവുകയും ചെയ്യും. സാഹിത്യഭാവനയുടെ ഭ്രമണപഥങ്ങളെ ത്വരിപ്പിക്കാനും ഭ്രമിപ്പിക്കാനും ഉതകുംവിധം മലയാളക്കരയും കടലും മലയോരവും പുതിയചില സാമൂഹിക, രാഷ്ട്രീയ,സാംസ്ക്കാരികാവസ്ഥാന്തരങ്ങളിലേക്ക് വഴിമാറിയിട്ടുണ്ട്. റിമോട്ട് കണ്‍ട്രോറിലൂടെ ടി.വി ചാനല്‍ മാറ്റിക്കളിക്കുന്നപോലെ ജീവനത്തിനും അതിജീവനത്തിനും അടക്കവും ഒതുക്കവും ഇല്ലാതെവരുന്ന ഒരു അവസ്ഥ. പഴയശിഥിലബിംബങ്ങള്‍കൊണ്ട് താങ്ങാനാവാത്തത്. അനുഭവത്തിന്‍റെ ഇത്തരം പുത്തന്‍മലങ്കാറ്റുകള്‍ക്കിടയില്‍പ്പെട്ട് കവിതവരുന്ന വഴികള്‍ക്കും പുതിയ പടര്‍ത്തിയിടലുകളുണ്ടാവേണ്ടതല്ലേയെന്നാണ് നാം സ്വയവും പരസ്പരവും ചോദിക്കേണ്ട പ്രധാനചോദ്യമെന്നു തോന്നുന്നു.

കിടത്തിയുറക്കിപ്പോയകാറ്റോ ഉണ്ണാതെപോയനിലാവോ തിരിച്ചുവരീല്ലെന്ന് ഉല്‍ക്കണ്ഠപ്പെട്ട കവിയുടെ കാല്പാടുകളില്‍നിന്ന് തെന്നിമാഞ്ഞുപോവുന്ന ഒരു നവമലയാളലോകത്തെയാണ് മലയാളി ഇന്ന് അഭിമുഖീകരിക്കുന്നത്. എന്തൊക്കെ വാചാടോപങ്ങള്‍ നടത്തിയാലും എവിടെക്കൊണ്ടുപേക്ഷിച്ചാലും തിരിച്ചെത്തുന്ന പൂച്ചക്കുട്ടിയെപ്പോലെ ഒരു അനിവാര്യതയാണിത്. തുറന്നുവച്ച മനസ്സുകളിലേക്ക് കേവലവസ്തുക്കള്‍ക്ക് പ്രാധാന്യമുളള ലോകവും ജിവിതവീക്ഷണവും ഇരമ്പിക്കയറിവന്നത് വളരെപ്പെട്ടെന്നാണ്. വന്‍കിടവ്യവസായനഗരം  നേരിട്ട് കാണ്മാനായില്ലെങ്കിലും ഡിജിറ്റലൈസേഷന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും മഹാസാധ്യതകളിലൂടെ മലയാളി അത്തരം ഇടങ്ങളില്‍ കടന്നുകൂടി.  വിദേശത്തെ വന്‍നഗരങ്ങളില്‍ ജീവിക്കുന്ന നിരവധി എഴുത്തുകാര്‍തന്നെ നമുക്കുണ്ട്. ഒരല്പംപോലും കാല്പനികഗൃഹാതുരത്വങ്ങളില്‍ തൊടാത്ത ഐ.ടി ജീവനത്തിന്‍റേതായ ബാംഗ്ലൂരൈസേഷനും നമുക്കൊപ്പമുണ്ട്. മൊബൈല്‍ ഫോണിംഗും ചാറ്റിംഗും വെബ്ക്യാമറയുമെല്ലാം സംവേദനസ്വഭാവത്തെത്തന്നെ മാറ്റിക്കളഞ്ഞിരിക്കുന്നു. വചനാര്‍ഭാടങ്ങള്‍ക്ക് ഇരിപ്പിടം നഷ്ടപ്പെടുകയും ചെറുവാക്യസന്ദേശങ്ങളിലും ചെറുമൊബൈല്‍കോളുകളിലും മനസ്സ് അഭയംതേടുന്നു. എല്ലാം പറഞ്ഞിരിക്കാന്‍ ഇട്ടുറപ്പിച്ചിരുന്ന ചായക്കടയിലെ ബഞ്ച് പലയിടങ്ങളിലും ആള്‍ത്തിരക്കില്ലാതെ ചിതലരിച്ചുപോയി. ബഞ്ചിന്‍റെ നഷ്ടവേവലാതിയില്‍ അഭിരമിച്ചുനില്‍ക്കാതെ വന്നപുതുതിന്‍റെ അനുഭവസംക്രമണങ്ങള്‍ക്കകത്തേക്ക് സര്‍ഗ്ഗസന്നിവേശം നടത്താന്‍ പ്രാപ്തിയുളള ഒരു നവകാവ്യഭാവനയാണ് ഉത്തരാധുനികമലയാളം പ്രതീക്ഷിക്കുന്നത്. ശങ്കരപ്പിളളയുടെ സമകാലകാവ്യാനുഭവപരിസരത്ത് തളഞ്ഞുകിടക്കണമെന്ന ആഗ്രഹം ശങ്കരപ്പിളളയ്ക്കുപോലും ഉണ്ടാവുന്നത് മലയാളകാവ്യചരിത്രത്തിനു ഗുണം ചെയ്യില്ല എന്നാണ് ഇതു കാണിക്കുന്നത്. പുതുമലയാളി പഠിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കൈയില്‍ തിരുകുന്നത് സാംസങ്ങ്, ചുണ്ടില്‍ രുചിക്കുന്നത് ലേസ്, ,ആടിത്തിമിര്‍ക്കുന്നത് അമ്യൂസ്മെന്‍റ് പാര്‍ക്കുകളില്‍, നിരന്തരം വര്‍ത്തമാനിക്കുന്നത് ആഗോളനഗരവിരുദ്ധാശയങ്ങള്‍. ഈയൊരു വൈരുദ്ധ്യമാണ് നമ്മുടെ ഏറ്റവുംവലിയസാംസ്ക്കാരികസങ്കടം. ഇത്തരമൊരു കപടാഭിമുഖീകരണത്തില്‍നിന്നും ലോഗ് ഔട്ട് ചെയ്യാതെ മലയാളത്തിന് അതിന്‍റെ നവസാംക്കാരികസ്വത്വത്തെ നിര്‍ണ്ണയിക്കാനോ കാവ്യഭാഷയെ പുതുക്കാനോ ആകില്ല. അങ്ങാടികള്‍ നന്നല്ലെന്നു വാചികാക്ഷേപം നടത്തി നാമെത്രനാള്‍ ദുര്‍ബലകാവ്യബോധവുമായി ഇവിടെയെല്ലാം പരതി നടക്കുന്നു. മാറിച്ചിന്തിക്കാനും ഭാവനകൊളളാനും സമയം അതിക്രമിച്ചിരിക്കുന്നു.

Advertisements
Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

on sachidanandan

കവിതാസംബന്ധമായ ഒരു തുറന്ന സംവാദത്തിന് സച്ചിദാനന്ദന്‍ തുനിഞ്ഞത് ആഹ്ലാദകരവും ആശ്വാസകരവുമാണ്. താനെഴുതിയ ഒരു കവിതയുടെമേല്‍ വന്ന വിമര്‍ശനങ്ങളോട് ആഴമേറിയ അസഹിഷ്ണുത പുലര്‍ത്തിക്കൊണ്ടാണ് അത് അദ്ദേഹം നിര്‍വഹിച്ചതെന്നത് കൗതുകമുണര്‍ത്തുന്ന മറ്റൊരു കാര്യവുമാണ്. പുറമേ നിന്നുളള ഒരു വിമര്‍ശനവും തന്‍റെ സ്വയം വിമര്‍ശനത്തിന് അരികത്തൊന്നുമെത്തില്ല എന്ന് പറയുമ്പോള്‍ എക്കാലത്തെയും ഒന്നാം റാങ്ക് തനിക്കുതന്നെ എന്ന് സ്വയം ആശ്വസിക്കുകയും ആശംസിക്കുകയും ചെയ്യുന്നുണ് സച്ചിദാനന്ദന്‍. ഒപ്പം ബാലചന്ദ്രന്‍ ചുളളിക്കാടിനെയും കെ.ജി ശങ്കരപ്പിളളയേയുമെല്ലാം അണിനിരത്തി തന്‍റെ അയ്യപ്പന്‍കവിതയുടെ ഇഷ്ടക്കാരെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. കവിതയെഴുതുകമാത്രമല്ല ഏതെങ്കിലും കോണില്‍ നിന്നും വിമര്‍ശനം വന്നാല്‍ ചില പ്രമുഖര്‍ എനിയ്ക്കൊപ്പമുണ്ടേ എന്നു വിളിച്ചുകൂവി തന്നെയും തന്‍റെ കവിതയെയും ന്യായീകരിക്കാന്‍ നടത്തിയ ശ്രമം എത്രമാത്രം പരിഹാസ്യമാണെന്നുമോര്‍ക്കുക. വിമര്‍ശിച്ചവരോട് ചീത്തക്കവിതകളെഴുതാനുളള ദൗത്യമെങ്കിലും എനിയ്ക്കുതരൂ എന്ന് പരിഹാസഭാവത്തില്‍ പറയുമ്പോള്‍ അസഹിഷ്ണുത അതിന്‍റെ ഉച്ചകോടിയിലെത്തുകയാണ്.

ഇനി സംവാദത്തിനു ഞാനില്ല എന്നു പറഞ്ഞതിനുശേഷവും സംവാദത്തിനുവീണ്ടും തുനിഞ്ഞ സച്ചിദാനന്ദന്‍ ഒരര്‍ത്ഥത്തില്‍ സംവാദാത്മകതയുടെ സംസ്ക്കാരത്തെ ഉയര്‍ത്തിപ്പിടിക്കുക തന്നെയാണ് . എന്നാല്‍ അദ്ദേഹം അപ്പോഴും ചില പൊതുവിശകലനങ്ങള്‍ നടത്തി പുതുകവികളുടെ കവിതയില്ലായ്മയെപ്പറ്റി പറയാനാണ് എറെ സമയവും വിനിയോഗിച്ചത്. ആദ്യകാല ആധുനികതയില്‍ തുടങ്ങി വെണ്മണിക്കാവ്യപാരമ്പര്യത്തല്‍ വരെ അദ്ദേഹം പുതുകവികളെ കെട്ടിയിട്ടു. പൂര്‍ണ്ണത കൈവന്ന ഒരു രാഷ്ട്രീയ ദര്‍ശനത്തിന്‍റെ അഭാവം അവരുടെ കവിതയിലെ മുഖ്യ കാവ്യദോഷമായി വിലയിരുത്തുകയും ചെയ്തു. ആധുനികതയുടെ ദാര്‍ശനികവൈകാരികതകളിലേക്കും ആദര്‍ശബിംബഭാരത്തിലേക്കും മടങ്ങിപ്പോവൂ കുട്ടികളേ എന്ന അദ്ധ്യാപകസ്വരം ഇവിടെ ചിറകടിക്കുന്നുണ്ട്. ശൈശവം കടന്നിട്ടില്ലാത്തവരാണ്  തന്‍റെ അയ്യപ്പന്‍കവിതയ്ക്കെതിരേ നിലയുറപ്പിച്ചവരെന്നു കളിയാക്കിവിടാനും സച്ചിദാനന്ദനു കഴിഞ്ഞു. കുഞ്ഞിരാമന്‍നായര്‍ക്ക് ഒരിക്കലും ശൈശവം കഴിഞ്ഞിരുന്നില്ലെന്നതോര്‍ത്ത് പുതുകവികള്‍ക്ക് സമാധാനപ്പെടാനേ തരമുളളൂ.

എന്തുപറ്റീ സച്ചിദാനന്ദന് എന്ന് ആശങ്കപ്പെടുകയല്ല, എന്നേ ഇതെല്ലാം അദ്ദേഹത്തില്‍ പറ്റിച്ചേര്‍ന്നിരുന്നുവെന്ന് മനസ്സിലാക്കുകയാണ് നാമിനിയെങ്കിലും വേണ്ടത്. കേവലം സ്തുതിഗീതങ്ങളെഴുതി സച്ചിദാനന്ദന്‍റെ ഗുഡ്ബുക്കില്‍ വന്നാല്‍ അദ്ദേഹമെഴുതുന്ന ലേഖനത്തില്‍ സൂചിപ്പിക്കപ്പെടാം, സമാഹരിക്കുന്ന കവിതാപുസ്തകങ്ങളില്‍ ചേര്‍ക്കപ്പെടാം. ഇതൊന്നും കവിതയുടെ അതിജീവതത്തിന് ആര്‍ക്കും ഗുണം ചെയ്യില്ല. സ്വന്തം കവിതയെ ന്യായീകരിക്കാനും വ്യാഖ്യാനിക്കാനുമായി  ഇത്രയധികം ടിപ്പണിയെഴുതിയ ഒരാള്‍ ഭൂമുഖത്തുണ്ടാവില്ല. എവിടേക്കെങ്കിലും യാത്രപോയാല്‍ യാത്രാവിവരണത്തോടൊപ്പം കവിതയും ചമയ്ക്കുന്ന വിദ്വാനാണിദ്ദേഹം. കക്കാടിന്‍റെ മരണം സര്‍ഗ്ഗപരമായി അലട്ടിയപ്പോള്‍ കടമ്മനിട്ടയും ജോണിന്‍റെ വേര്‍പാടില്‍ തീവ്രവേദനകൊണ്ട് ബാലചന്ദ്രന്‍ ചുളളിക്കാടും കവിതകളെഴുതിയിട്ടുണ്ട്. എന്നാല്‍ ആരു മരിച്ചാലും സച്ചിദാനന്ദന്‍ കവിതയെഴുതിക്കൊണ്ടിരിക്കുന്നു. കമന്‍റുകള്‍ക്കിടയിലെവിടെയോ താനൊരു ദിവസം എഴുതിയ വരികളുടെ ശരാശരി അദ്ദേഹം കണ്ടെത്തുന്നുണ്ട്. മറ്റു ജോലികളില്ലായിരുന്നെങ്കില്‍ ഇതു കൂട്ടാമായിരുന്നുവെന്നും പറയുന്നുണ്ട്. നൈസര്‍ഗ്ഗികതയുടെ തരിമ്പുപോലുമില്ലാത്ത ഒരു പോയട്രി മാനുഫാക്ചറിങ്ങ് കമ്പനിയാണോ ഉതെന്ന് തോന്നിപ്പോവുന്നതില്‍ കുറ്റപ്പെത്തരുത്. കാവ്യാനുഭവം പകര്‍ന്നുതന്ന സച്ചിദാനന്ദന്‍റെ ചില കവിതകളെ വിസ്മരിച്ചുകൊണ്ടല്ല ഇതൊക്കെ പറയുന്നത്. അധികാരസ്ഥാപനം പോലെ വളര്‍ന്നിരുന്ന് വിയോജിക്കുന്നവരെയെല്ലാം അപഹസിക്കുന്നു എന്നതിനോടുമല്ല എതിര്‍പ്പ്. അക്കാര്യം ചെയ്യുമ്പോള്‍ കപടമായൊരു ബൗദ്ധികഭാഷയുടെയും ആശയക്കൂട്ടത്തിന്‍റെ യും അകമ്പടിയില്‍ പുതുതലമുറകളെക്കൂടി കരിയറിസ്റ്റുകളാക്കിമാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് പൊറുക്കാനാവാത്തത്.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിപ്പതെന്തെന്ന് ഞാന്‍ അറിയുന്നു

മഴ പെയ്തുവീഴുന്നതുപോലെയാണ് എഴുത്തച്ഛന്‍റെ വാക്കുകള്‍. ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന ഒരു പുതുമഴയുടെ ആരവം ആചാര്യന്‍റെ കാവ്യഭൂപടത്തിലെവിടെയുമുണ്ട്. സ്വന്തം ഭാവനയുടെ ഭ്രമണപഥത്തിലിട്ട് പലതിനെയും പുതുക്കിയെടുക്കുകവഴിയാണ് ഈ കവി പുതുമഴകള്‍ക്ക് കാരണക്കാരനായി മാറുന്നത്. മഹാഭാരതം കിളിപ്പാട്ടിലെ കല്യാണസൗഗന്ധികസന്ദര്‍ഭം ഉദാഹരണമായെടുത്ത് ഇക്കാര്യം വിശദമാക്കുകയാണിവിടെ.

വ്യാസഭാരതത്തില്‍ പാണ്ഡവര്‍ അര്‍ജ്ജുനനെ അന്വേഷിച്ചാണ് ഗന്ധമാദനപര്‍വതപ്രദേശത്തെത്തുന്നത്. ഭാഗീരഥീനദീതീരത്തുളള നരനാരായണാശ്രമസമീപം അവര്‍ പാര്‍ക്കുന്നു. പാഞ്ചാലിയുമൊത്ത് മൈനാകവും വിചിത്രമായ പൊയ്കകളും കണ്ടുനടക്കുമ്പോള്‍ ‘നന്മണത്തില്‍കുളിര്‍മയില്‍ വീശി മാരുതനെത്തു’ന്നുണ്ട്. പെട്ടെന്ന് വടക്കുകിഴക്കുനിന്ന് ദീവ്യമണമുളള കല്യാണസൗഗന്ധികപ്പൂവ് കാറ്റത്തു പറന്നു വീണത് പാഞ്ചാലി കാണുന്നു. നന്മണത്തില്‍നിന്ന് ദീവ്യമണത്തിലേക്കുളള പകര്‍ന്നാട്ടം അവളുടെ മനസ്സിലും പരിവര്‍ത്തനം ഉണ്ടാക്കുന്നുണ്ട്.  പൂവ് കാണുവാന്‍ ഭീമനോട് അഭ്യര്‍ത്ഥിക്കുകയും താനിത് യുധീഷ്ഠിരന് നല്‍കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ‘നിനക്കുഞാനിഷ്ടയെങ്കില്‍’ പെരുത്ത് സൗഗന്ധികങ്ങള്‍ കാമ്യകാശ്രമത്തിലേക്കു കൊണ്ടുപോകാന്‍ ആനയിക്കണമെന്നും പാര്‍ഷതി ആവശ്യപ്പെടുന്നു. ഇവിടെ പൂവിന്‍റെ കാഴ്ചയിലാണ് പാഞ്ചാലി മോഹിതയായത്. മണം ദ്വിതീയപ്രചോദനമാകുന്നുവെന്നേയുളളൂ. പൂവ് മണക്കാനല്ല, കാണാനാണ് ഭീമനോട് അവള്‍ പറയുന്നതെന്നോര്‍ക്കുക.

ഭീമന്‍ ശക്തിമാനാണെന്നത് അയാളോട് ഇത്തരമൊരാവശ്യം നിരത്താന്‍ പ്രേരിപ്പിച്ചിരിക്കാം. ഗന്ധമാദനത്തിലേക്കെത്തുന്നതിനുമുന്‍പ് പാഞ്ചാലിയും ഭീമനും യുധിഷ്ഠിരനുമായി നടത്തിയ സംവാദങ്ങള്‍ കൂടി ഇവീടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ക്രോധം കാട്ടേണ്ടിടത്ത് ക്രോധം കാട്ടണമെന്നും യുദ്ധം ഒരനിവാര്യതയാണെന്നും പാഞ്ചാലി തുറന്നടിക്കുന്നുണ്ട്. യുദ്ധത്തിന്‍റെ ആവശ്യകതയെപ്പറ്റി വ്യക്തമായ ഒരു നിലപാടിലെത്താന്‍ ബുദ്ധിമുട്ടിയിരുന്ന ഭീമന്‍ ദ്രൗപദിയുടെ വാക്കുകളില്‍ ആകൃഷ്ടനാകുകയും ധര്‍മ്മത്തിന്‍റെ പേരില്‍ അടങ്ങിയിരിക്കരുതെന്ന് ധര്‍മ്മപുത്രരെ ബോധ്യപ്പെടുത്തുകയും ചെയ്തു. പാഞ്ചാലിയുടെ യുദ്ധാനുകൂലനിലപാട് ഒട്ടൊക്കെ അന്ധമായിത്തന്നെ സ്വീകരിക്കുന്ന ഭീമനെന്ന കാമുകനെ ഇവിടെ ദര്‍ശിക്കാം. ഭീമനില്‍നിന്നും പാഞ്ചാലി പ്രതീക്ഷിക്കുന്ന ശക്തിയും ഭീമന് പാഞ്ചാലിയോടുളള തീവ്രാനുരാഗവും ഇണങ്ങിവരുന്നിടത്തുനിന്നാണ് വ്യാസഭാരതത്തില്‍ കല്യാണസൗഗന്ധികാന്വേഷണം ആരംഭിക്കുന്നത്.

എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിച്ചതെന്തെന്ന കൗതുകകരമായ പരതല്‍ ജീനിയസ്സായ ഒരു കവിയുടെ സൗന്ദര്യാവിഷ്കാരരീതിയെ അടയാളപ്പെടുത്താന്‍ സഹായിക്കും. പണ്ടു കേട്ടിട്ടില്ലാത്ത ഒരു ഗന്ധവുമായി കാറ്റ് പതുക്കനെ സഞ്ചരിക്കുന്നത് മഹാഭാരതം കിളിപ്പാട്ടില്‍ പാഞ്ചാലി കാണുകയാണ്. വ്യാസഭാരതത്തിലേതുപോലെ പൂവിന്‍റെ കാഴ്ചയല്ല, കാറ്റിന്‍റെ കാഴ്ചയാണിവിടെയുളളത്. പൂവിന്‍റെ ഗന്ധമാവട്ടെ ഒരു കേള്‍വിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. കല്യാണസൗഗന്ധികം പാഞ്ചാലി കാണുന്നതേയില്ല. പുവുവേണമെന്ന് ഭീമനോട് ആവശ്യപ്പെടുന്നുമില്ല. ‘പുഷ്പം തന്നുടെ പരിമളമായതുമതിനെ’ തനിക്കു നല്‍കേണമെന്ന പ്രണയഭാവസാന്ദ്രമായ പാഞ്ചാലിയുടെ ആവശ്യം എഴുത്തച്ഛന്‍ കവിതയുടെ സുക്ഷ്മഭംഗിയായിതീരുന്നു. വ്യാസന്‍ ഒരുപാട് സൗഗന്ധികങ്ങള്‍ കൊണ്ടുവരാനാണ് പാഞ്ചാലിയെക്കൊണ്ട് പറയിപ്പിച്ചതെന്നോര്‍ക്കുക.

വ്യാസഭാരതത്തിലെപ്പോലെ ഭീമന്‍റെ ശക്തിയോ അയാളോടുളള അനുരാഗമോ മാത്രമല്ല അഭ്യര്‍ത്ഥനനടത്താന്‍ എഴുത്തച്ഛന്‍റെ പാഞ്ചാലിയെ പ്രേരിപ്പിക്കുന്നത്. ഗന്ധവാഹജനാണ് ഭീമന്‍ എന്നതിലാണ് എഴുത്തച്ഛന്‍ പ്രധാനമായും ഊന്നുന്നത്. പാഞ്ചാലി കണ്ടത് കാറ്റാണ്. കാറ്റിന്‍റെ ഉളളിലാണ് പൂമണത്തിന്‍റെ നിക്ഷേപം. അതിനാല്‍ ആ പൂമണം തേടിപ്പിടിക്കാന്‍ കാറ്റിന്‍റെ മകന്‍ തന്നെയാണ് എറ്റവും ഉചിതനെന്ന് കിളിപ്പാട്ടിലെ പാഞ്ചാലി കരുതുന്നു. ഇവിടെ എഴുത്തച്ഛന്‍റെ പ്രതിഭാവേഗത്തിന് ചിറകുകള്‍ മുളയ്ക്കുകയാണ്. എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിച്ചതെന്തെന്ന് ഞാനും നിങ്ങളും അനുഭവിക്കുകയാണ്.

 

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

റഫീക്ക് അഹമ്മദിന്‍റെ അസാധു എന്ന കവിതയെപ്പറ്റി

വെറുതെ നടന്നുനടന്ന് പോകുമ്പോഴാണ് ജീവിതം പതുക്കനെ ജനിക്കുന്നതെന്ന് പറയാറുണ്ട്. ഒരു സവിശേഷപ്രമേയത്തിന്‍റെയും  അകമ്പടിയില്ലാതെ വെറുതേ സംവദിച്ചുതുടങ്ങുന്നിടത്താണ് പ്രണയത്തിന്‍റെ അലമാര തുറന്നുവരുന്നത്. സഹതാപവോട്ടുവരെ അസാധുവായിത്തീരാമെന്ന് വരികയും പച്ചപ്രണയം പഴകിദ്രവിച്ച് ഏതോ തെരുവുമൂലയില്‍ കിടക്കുകയും ചെയ്യുന്ന പ്രതീതികളിലാണ് റഫീക്ക് അഹമ്മദിന്‍റെ  ‘അസാധു’കാവ്യം നിലകൊളളുന്നത്. ‘വെറുതെ’ എന്ന പദം ഒരു ഒ. എന്‍. വി ദലമര്‍മ്മരവാഹനമായല്ല, സ്വയം മുറിവേല്പിച്ച് ആഹ്ലാദിക്കാന്‍ പ്രാപ്തമായിട്ടും അതു ചെയ്യാതെ കറങ്ങിത്തിരിഞ്ഞ് സ്വന്തം കരിയറില്‍ പതഞ്ഞു പൊന്തുന്ന മലയാളിസ്വത്വത്തിന്‍റെ നിവര്‍ത്തികേടായിട്ടാണ് ഈ കാവ്യാരംഭത്തില്‍ പൊട്ടിത്തെറിച്ചുവരുന്നത്. ‘എരിതഴമ്പുചൊറിയാനും’ ‘പുലരിവെട്ടം കലങ്ങാനു’മായി ഒത്തുതീര്‍പ്പ് ചെയ്തുകൊടുത്ത് ‘തരിശിന്‍റെ തട്ടി’ല്‍ തങ്ങള്‍ അനാഥമാണെന്നുപോലും അറിയാതെപോകുന്ന ഒരുപാടുപേരുടെ നാവ് ഈ കവിതയുടെ വരികള്‍ക്കുമുന്നില്‍ കൊളുത്തിച്ചേര്‍ത്തുവെയ്ക്കാവുന്നതാണ്. ഇടപ്പള്ളി രാഘവന്‍ പിളളയുടെ ‘മണിനാദ’ത്തിലെ കാല്പനികകാവ്യഭാഷ മലക്കംമറിഞ്ഞപ്പോള്‍ കടല് തുടിയായി, മഴകളഴിയായി. പ്രണയം ഭാവിച്ചാലെങ്കിലും മതീയായിരുന്നുവത്രേ. ആദ്യം ഭാവനപോയി, പിന്നെ ഭാവിക്കുന്നതിലെ അഭാവനയും പോയി. ഒന്നുമില്ലൊന്നുമില്ലൊന്നുമില്ലെന്ന് കവി ആര്‍ രാമചന്ദ്രന്‍. സര്‍വ്വവിസ്മൃതിയിലാണ്ട് നിന്ന് ഉളളില്‍ കുളിരുന്ന പെണ്ണില്ല, ആണില്ല. അലിയുകയും നീറുകയും ചെയ്യേണ്ട പ്രണയമനം സമസ്തഇലക്ഷനുകളിലും അസാധുവും അപ്രസക്തവുമായി മാറുകയും അതു തിരിച്ചുകിട്ടണേ എന്ന് കവിമനം കലമ്പിക്കൊതിക്കുകയും ചെയ്യുമ്പോള്‍ ഇടപ്പളളി രാഘവന്‍പിളള  പോരാതെവരുന്നു. കാവ്യാന്ത്യത്തില്‍ റഫീക്ക് അഹമ്മദിന്‍റെ കാവ്യഭാഷ ‘മണിനാദ’ത്തിന്‍റെ ടോണുകളില്‍ നിന്നും കുതറിമാറി നില്‍ക്കക്കളളിയില്ലാതെ പെരുമാറുകയും സമകാലത്തിന്‍റെ പ്രണയവിരുദ്ധമായ കരിയറിസ്റ്റുമുഖം എങ്ങനെയോ അങ്ങനെതന്നെയായിത്തീരുകയും  ചെയ്യുന്നു.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

ജയകേരളത്തിലെ കത്തുകള്‍

സാബു ഷണ്മുഖത്തിന്‍റെ ഫെയ്സ്ബുക്കില്‍ എന്‍റെ ലേഖനത്തോടുളള പ്രതികരണങ്ങള്‍ കണ്ടു. ചില സുഹൃത്തുക്കള്‍ ജയകേരളത്തിലെ കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടു. അവയാണ് ചുവടെ ചേര്‍ക്കുന്നത്  – ഡോ. ആര്‍ സുരേഷ്.

1.സച്ചിദാനന്ദന്‍റെ പുസ്തകച്ചുമട്

കെ.വേണുവിന്‍റെ ഒരു കമ്മ്യുണിസ്റ്റുകാരന്‍റെ ജനാധിപത്യ സങ്കല്പം എന്ന പുസ്തകത്തെക്കുറിച്ചുളള ജയകേരളത്തിലെ (ലക്കം-3,4) ലേഖനത്തിന്‍റെ ആദ്യഭാഗത്ത് വേണു ഇന്നെത്തിച്ചേര്‍ന്നിട്ടുളള വീക്ഷണഗതികള്‍ താന്‍ വളരെ നേരത്തേതന്നെ കണ്ടെത്തിയവ മാത്രമാണെന്ന് സച്ചിദാനന്ദന്‍ പ്രസ്താവിക്കുന്നു. ലേഖനത്തിന്‍റെ രണ്ടാംഭാഗത്തിലാകട്ടെ നിരവധി വിദേശ എഴുത്തുകാരുടെ പേരുകളും പുസ്തകങ്ങളും ഉദ്ധരിച്ച് അവര്‍ വേണുവിനു മുന്‍പ് ഈ പ്രമേയങ്ങളില്‍ എത്തിച്ചേര്‍ന്നുവെന്നും സൂചിപ്പിക്കുന്നുണ്ട്. അല്പമൊന്നാലോചിച്ചാല്‍ തന്‍റേതായി സച്ചിദാനന്ദന്‍ ആദ്യലക്കത്തില്‍ നിരത്തിയതെല്ലാം തന്‍റേതല്ല എന്ന് സമര്‍ത്ഥിക്കുന്ന നിലയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതായിക്കാണാം. ഒരര്‍ത്ഥത്തില്‍ സച്ചിദാനന്ദനു ലഭിക്കുന്ന റോയല്‍റ്റി ടെറി ഈഗ്ള്‍ടണ്ണിനും ഫൂക്കോക്കും ഫ്രാങ്ക് ഫര്‍്ട്ട് ചിന്തകര്‍ക്കുമെല്ലാം കൂടി വീതംവെച്ചു കൊടുക്കേണ്ടതാണ്.

ഗ്രന്ഥങ്ങളുടെ ഒരു നീണ്ട നിര നിരത്തിക്കൊണ്ട് വേണു  അവയൊന്നും മറിച്ചുനോക്കിയിട്ടുപോലുമില്ലെന്ന് സച്ചിദാനന്ദന്‍ പരിതപിക്കുന്നു. വായന മാത്രമാണ് ചിന്താശേഷിയുടെ അടിസ്ഥാനമെന്ന ധാരണ ഏതായാലും ഈ അക്കാദമിക്-ജേര്‍ണലിസനായകന് പറ്റിയ തലപ്പാവുതന്നെ!

സുരേഷ്.     (ലേഖനം വെട്ടിച്ചുരുക്കിയ കത്താണിതെന്നോര്‍ക്കുക.)

2.അനുഭവവും പുസ്തകവും

കെ.വേണു വിപ്ലവകാരിയായ ഒരു ബുദ്ധിജീവിയായിട്ടാണ് മലയാളികള്‍ക്കിടയില്‍അംഗീകാരം നേടിയിട്ടുളളത്. ഞാനും വേണുവിനെ അറിയുന്നതും സ്നേഹിക്കുന്നതും ആ നിലയില്‍ത്തന്നെയാണ്. വേണുവിന്‍റെ പുസ്തകം ഊഷ്മളമായ ഒരനുഭവാവിഷ്ക്കാരമായിരുന്നെങ്കില്‍ പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ എനിക്കവയെ സമീപിക്കേണ്ടിവരുമായിരുന്നില്ല. മറിച്ച് മാര്‍ക്സ്,ലെനില്‍, മാവോ, ഗ്രാംഷി, ഫ്രാങ്ക്ഫര്‍ട്ട് ചിന്തകര്‍ ഫൂക്കോ   -ഇവരുടെയൊക്കെ പുസ്തകങ്ങളെ ചുറ്റിപ്പറ്റിതന്നെയാണ് വേണുവിന്‍റെ വിചാരങ്ങള്‍ നീങ്ങുന്നത്. അനുഭവങ്ങള്‍ എന്ന നിലയില്‍  ഈ പുസ്തകം അവതരിപ്പിക്കുന്നതാകട്ടെ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍, ചര്‍ച്ചകള്‍, വിവാദങ്ങള്‍, ലഘുലേഖാ രചനകള്‍ – ഇത്തരം ബൗദ്ധികാനുഭവങ്ങള്‍ മാത്രമാണുതാനും. വേണുവിന് മറ്റൊരു ജീവിതാനുഭവതലമുണ്ടാകണം. എന്നാല്‍ അത് ആവിഷ്കരിക്കുന്നതില്‍നിന്ന് ഒന്നുകില്‍ വേണുവിന്‍റെ യുക്തിചിന്ത വേണുവിനെ തടയുന്നു.  അല്ലെങ്കില്‍ അതിനുളള ഭാഷ വേണുവിനു വശമില്ല. പുസ്തകങ്ങളുടെ മാധ്യസ്ഥത്തിലൂടെ ലോകത്തെക്കാണുകയും പുസ്തകങ്ങളുടെ പിന്തുണയോടെ ആശയങ്ങള്‍ക്ക് ആധികാരികത തേടുകയും ചെയ്യുന്ന ഒരു ഗ്രന്ഥകാരന്‍റെ കൃതിയെ വിമര്‍ശിക്കുമ്പോള്‍ പുസ്തകലോകത്തെപുറത്തുനിര്‍ത്താനാവില്ല. അതാവശ്യവുമില്ല. പിന്നെ ഒരുകാലത്ത് കേസരിയും എം ഗോവിന്ദനും മറ്റും പുസ്തകങ്ങള്‍ ചുമന്നുകൊണ്ടുവന്നതുകൊണ്ടുകൂടിയാണ് മലയാളിക്ക് സമകാലിക ലോകത്തോട് സംസാരിക്കാനുളള നാവുണ്ടായതെന്നുകൂടി പുസ്തകവിരോധികള്‍ ഓര്‍മ്മിക്കുന്നത് നന്ന്.

–  സച്ചിദാനന്ദന്‍.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

മനോജ് കുറൂരിന്‍റെ ‘ലൊക്കേഷന്‍’ എന്ന കവിതയെപ്പറ്റി

മനോജ് കുറൂരിന്‍റെ ‘ലൊക്കേഷന്‍’ എന്ന കവിതയില്‍ സിനിമാനിര്‍മ്മാണത്തിന്‍റെ സര്‍ഗ്ഗാവിഷ്ക്കാരസന്ദര്‍ഭങ്ങള്‍ കാവ്യാഖ്യാനത്തിന്‍റെ ഭാഗമായിത്തീരുന്നു. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വ്യവഹാരരൂപങ്ങള്‍ പടര്‍ന്നുപോവുന്നത് ഉത്തരാധുനികകാലസാഹിത്യത്തിന്‍റെ മുഖമുദ്രകളിലൊന്നാണ്.സിനിമാനിര്‍മ്മാണസംബന്ധിയായ സംവാദത്തിന്‍റെ  മധ്യത്തില്‍വെച്ച് ഒരു ഫ്രെയിമിനെച്ചൊല്ലിയുളള ആശങ്ക പരിഹരിക്കുംവിധം കവിതയിലെ വരികള്‍ ഒഴുകുകയാണ്.. നേര്‍പ്പിച്ച അതിസാധാരണഗദ്യഭാഷയിലൂടെ ഒരു സിനിമാക്കുട്ടത്തിന്‍റെ ആവിഷ്ക്കരണത്തിനുളള തിടുക്കം നിവര്‍ന്നു വരികയാണ് ഇവിടെ. ചാക്യാര്‍കൂത്തിന്‍റെ കഥാകഥനമാതൃകയോ സുവിശേഷകാരന്‍റെ ആലാപവൈദഗ്ദ്ധ്യമോ ഏതാണ് കാവ്യാഖ്യാനരീതിയെന്ന്  വ്യവഛേദിക്കാനാവുന്നില്ല.. പച്ചക്കുന്നും മഴയും ചുവപ്പു പതാകയും മണ്ണുപുരണ്ട ബ്ലൗസിട്ട പെണ്‍ശരീരവും അരിവാളും തുന്നിച്ചേര്‍ത്തുവെയ്ക്കുമ്പോള്‍  ശബ്ദരാഹീത്യത്തിന്‍റെ അപൂര്‍ണ്ണത  ഒരപകടസൂചനപോലെ ഇവിടെ തിളച്ചുമറിയുന്നുണ്ട്.എന്നിരിക്കിലും ഒരു തൊഴിലാളിസ്ത്രീയുടെ വിപ്ലവാത്മകദൃശ്യം ഈ ഫ്രെയിം മുന്നോട്ട് വെയ്ക്കുന്നു. പെട്ടെന്ന് സിനിമാക്കൂട്ടം ലൈംഗികമാഫിയയായി മാറുന്ന മെറ്റമോര്‍ഫസിസ് കവിതയില്‍ സംഭവിക്കുകയാണ്. വാക്കുകളുടെ എണ്ണം കുറഞ്ഞുവരികയും അടക്കംപറച്ചിലിന്‍റെ ആകൃതിയുളള ഭോഗം ഏറിവരികയും ചെയ്യുന്നു. തിരക്കഥയിലെ കരുത്തില്‍നിന്നും ഭിന്നമായി നിത്യജീവിതത്തിലെ കൂട്ടഭോഗക്ഷീണമാണ് സ്ത്രീ എന്ന നിലവരുന്നു. പച്ചവിരിപ്പില്‍വീണ രക്തത്തുളളിയിലേക്ക് ലൊക്കേഷന്‍ മാറ്റാമെന്ന ഭോഗാക്രമണാനന്തരമുളള തമാശപറച്ചിലില്‍ നിന്ദിക്കപ്പെടുന്നത് പെണ്ണുടലും ആണ്‍പെണ്‍സര്‍ഗ്ഗബന്ധങ്ങളുമാണ്.

 

പകര്‍ന്നേകുന്ന കാഴ്ചയോടൊപ്പം കേള്‍വികൂടി വരുമ്പോഴാണ് ഫ്രെയിമിന്‍റെ അപൂര്‍ണ്ണതയെ മറികടക്കാനാവുക. ഫ്രെയിമിനുളളിലെ കേള്‍വിയായി പ്രത്യക്ഷപ്പെടുന്നത് ഒരു പെണ്‍ശബ്ദമാണ്. കേള്‍വിക്കുപുറകേ വീണ്ടുമൊരു കാഴ്ചയും ചലനാത്മകരംഗങ്ങളും തിരക്കഥയ്ക്കുളളില്‍ അകപ്പെട്ടിരിക്കുന്നു. ദൃശ്യത്തിനും മുന്‍പേ ശബ്ദാരവസാധ്യതപ്രയോജനപ്പെടുത്തുന്ന കഥകളിയിലെ തിരനോട്ടത്തെ ഇതനുസ്മരിപ്പിക്കുന്നുണ്ട്. സംവാദത്തിലുടെ ഉയിരെടുത്തഫ്രെയിമും സംവാദികള്‍ ഉള്‍പ്പെടുന്ന ഫ്രെയിമും ഇഴുകിച്ചേര്‍ന്നു നില്‍പ്പാണ്. ശൈലീകൃതമോ അലങ്കാരഭരിതമോ അല്ലാത്ത  സാധാരണഭാഷാപ്രയോഗരീതികളിലുടെ ഈയൊരുസംലയനം സാധ്യമാക്കാന്‍ കവിക്കു കഴിഞ്ഞിട്ടുണ്ട്.

രണ്ടാം ഫ്രെയിമിലെ കാഴ്ചയാകുന്നതോടൊപ്പം പെണ്ണ് ലൊക്കേഷന്‍ തന്നെയായി മാറുന്നു എന്നതിന്‍റെ സൂചനകള്‍ കവിത പകര്‍ന്നുതരുന്നു.  സിനിമാലൊക്കേഷന്‍ തെരഞ്ഞെടുപ്പില്‍ സൗന്ദര്യസങ്കല്പങ്ങളോടൊപ്പം വിപണനസാധ്യതയും കൂടി പരിഗണിക്കപ്പെടാറുണ്ട്. അലമാരക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ക്യാമറയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് സ്ത്രീശരീരത്തിന്‍റെ വിപണനസാധ്യതതന്നെയാണ്. പഞ്ചമകാരസേവയിലുള്‍പ്പെടുന്ന മദ്യ,മാംസ,മൈഥുനങ്ങളാല്‍ പെണ്ണുടലിനെ നിന്ദിച്ചാക്രമിക്കുകയും ചരക്കുവല്‍ക്കരിക്കുകയും ചെയ്യുകയാണിവിടെ.മാതൃദേവതാരാധനാബന്ധമുളള ഇത്തരം ആചാരരീതികളെ കവിതയില്‍ വിന്യസിച്ച് അവകൊണ്ടുതന്നെ സ്ത്രീയെ അപമാനിതയാക്കുക എന്നതിലൂടെ  ക്രൂരവും സങ്കടകരവുമായ വൈരുദ്ധ്യങ്ങളിലേക്ക്  വായനക്കാരനെ എടുത്തെറിയാന്‍ മനോജിന്‍റെ കവിതയ്ക്കു കഴിയുന്നു. പുരുഷാധിപത്യവ്യവസ്ഥയുടെ കീഴില്‍ സമസ്തവും ലൊക്കേറ്റ്ചെയ്യപ്പെടുന്നുവെന്ന തീവ്രതരമായ ചരിത്രയാഥാര്‍ത്ഥ്യത്തെപ്പറ്റി അതിസാധാരണഭാഷയില്‍ എഴുതുകയും അതുവഴി വായനാനിമിഷങ്ങളെ സാംസ്ക്കാരികവും സൗന്ദര്യാത്മകവുമായ ആഘാതങ്ങള്‍ക്ക്  അടിപ്പെടുത്തുകയുമാണ് മനോജിന്‍റെ കവിത.കവിയും സംവിധായകനും ഒത്തൊരുമയൊടെ കട്ട് പറയുന്നിടത്താണ് കവിത അവസാനിക്കുന്നത്. തൊട്ടടുത്തുവരാനിരിക്കുന്ന ഷോട്ടുകള്‍  അഴിച്ചെടുക്കാനുളള സര്‍ഗ്ഗാത്മകനിര്‍ബന്ധത്തിന്‍റെ സ്വരം ഈ കട്ല് പ്രയോഗത്തില്‍ ഉള്‍ച്ചേര്‍ന്നിരുക്കുന്നു.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

എല്‍ തോമസ്കുട്ടിയുടെ ഉടല്‍ എന്ന കവിതയെപ്പറ്റി

കടപ്പെടുക എന്നത് കടത്തിലകപ്പെട്ടുപോകല്‍ തന്നെയാണ്. മനുഷ്യജീവന്‍റെ ഉള്ളും ഉടലും നിരന്തരം എന്തിനോടെല്ലാമോ കടപ്പെട്ടുകൊണ്ടാണ് യാത്ര സാധ്യമാക്കുന്നത്. പ്രകൃതിയോടും സാമൂഹികാവസ്ഥകളോടും സാമൂഹികവ്യവസ്ഥകളോടുമെല്ലാം ബാന്ധവം പുലര്‍ത്തുകയും സുഖദുഃഖങ്ങളുടെ പൊരുള്‍ അതുവഴി രൂപീകരിച്ചെടുക്കുകയും ചെയ്യുന്ന ജീവിതവൃത്തമാണ് മനുഷ്യനെന്ന ജീവജാലത്തിനുളളത്.  ഈ ജീവീതവൃത്തത്തിന്‍റെ മാത്തമാറ്റിക്കല്‍കണിശതകളെ മാട്രിക്സ് എന്ന മാത്തമാറ്റിക്കല്‍ ചിഹ്നം പ്രയോജനപ്പെടുത്തിക്കൊണ്ട് അതിക്രമിക്കാനാവുമോയെന്ന  സൗന്ദര്യാത്മകാലോചനയായിമാറുന്നു ഉടല്‍ എന്ന കവിത.

കവിത അക്ഷരങ്ങളാല്‍ സമൃദ്ധമാണ്. ജീവിതത്തില്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരര്‍ത്ഥത്തില്‍  അതിലേറെ പ്രാധാന്യത്തോടെ അക്കങ്ങളും ഒഴുകിനടക്കുന്നുണ്ട്. ജനനത്തീയതി മുതല്‍ പഠിച്ചക്ലാസ്സും എടുത്തലോണും  അയച്ചുകിട്ടിയ ഇന്‍റര്‍വ്യൂ തീയതിയും തുടങ്ങി പതിനാറടിയന്തിരം വരെ അക്കങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ക്കപ്പെട്ടവയാണ്. എന്നാല്‍ കവിതകളില്‍ അക്കങ്ങളും  ഗണിതവ്യവഹാരരൂപങ്ങളും അക്ഷരംപോലെ കടന്നുവരുന്നില്ലായെന്നത് ചിന്തനീയമാണ്. കടന്നുവരാമെന്നത് തികച്ചും സ്വാഭാവികവുമാണ്. ഉടല്‍ എന്ന കവിതയുടെ  ഭാവാനുകൂലമെന്നവണ്ണം  മാത്തമാറ്റിക്കല്‍സങ്കല്പനമായ മാട്രിക്സ് പടര്‍ന്നുകയറിയത് തീവ്രശ്രദ്ധയോടെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

ചതുരത്തിന്‍റെ അടഞ്ഞ അതാര്യതയോട് കലഹം പ്രഖ്യാപിക്കുന്ന സുതാര്യഗണിതകാന്തിയാണ് മാട്രിക്സ്. എവിടേയ്ക്കും തുറന്നുവെച്ചവാതിലുകള്‍ മാട്രിക്സിനുണ്ട്. ഉടലാണാദ്യം കടപ്പെട്ടതെന്ന് വിലപിച്ച്  കാവ്യം ആരംഭിക്കുമ്പോള്‍ പിന്നീട് കടങ്ങള്‍എറ്റുവാങ്ങിത്തളര്‍ന്ന്  സ്വയം ഒടുങ്ങിക്കൊണ്ടേയിരിക്കുന്ന മനസിന്‍റെ അനുഭവവൃത്താന്തങ്ങള്‍ കൂടി ഓരോന്നോരോന്നായി ധ്വനിപ്പിക്കപ്പെടുന്നുമുണ്ട്. ഇന്ദ്രിയകേന്ദ്രിതമായി കടങ്ങള്‍ അടയാളപ്പെടുത്തുവാന്‍ കാവ്യശരീരം വെമ്പുകയാണ്. മാട്രിക്സിനുളളില്‍നിന്നും അമിതപളപ്പും അനിമേഷനും ഡിജീറ്റല്‍ചീളും പുറത്തുചാടി കണ്ണിന്‍റെ കടലിളക്കങ്ങളെ ചാരമാക്കിക്കളയുന്നു. അമിതപളപ്പ് എന്ന സൂചകസാന്നിധ്യത്തിലൂടെ എത്തിപ്പിടിച്ച് കൈക്കലാക്കുകയും വീണ്ടും താഴെവീണ് പൊട്ടിയൊലിക്കുകയും ചെയ്യുന്ന ഉപഭോഗപ്പരപ്പിന്‍റെ  അഗാധതകള്‍  കാവ്യാരംഭത്തില്‍ത്തന്നെ നമ്മുടെ ഇടര്‍ച്ചകളെ തീക്ഷ്ണമാക്കിക്കൊണ്ടിരിക്കുന്നു. ഇത് കാലം പല കാലയളവുകളായി വാങ്ങിയെടുത്ത് തിരിച്ചടയ്ക്കാനാവാതെ കുഴഞ്ഞുപോവുന്ന ഭീമകടമെന്നവണ്ണമായിമാറുന്നു.

ഡിജിറ്റലൈസേഷന്‍ എല്ലാ കാഴ്ചകളേയും ഇന്‍ഫര്‍മേഷനുകളാക്കി മാറ്റുന്നുണ്ട്. കമ്പ്യുട്ടറിലെ വെര്‍ച്വല്‍റിയാലിറ്റിയിലാണ് പുതിയലോകക്രമം സംഭവിക്കുന്നത്. വസ്തുവില്ലാതിരിക്കുമ്പോഴും  വസ്തുവിന്‍റെ ധര്‍മ്മം സംഭവിക്കുന്നുവെന്നതാണിത്. മൊബൈലിന്‍റെയോ കമ്പ്യൂട്ടറിന്‍റെയോ ഘടകങ്ങള്‍ അഴിച്ചുനോക്കിയാല്‍ യാതൊന്നുംതന്നെ കണ്ടെത്താനാനില്ല. ഇമേജിന്‍റെ ഇന്‍ഫര്‍മേഷനുകളാണ് കമ്പ്യൂട്ടറിന്‍റെ മെമ്മറി  അടക്കംചെയ്തു വെയ്ക്കുന്നത്. ഇവയെ എങ്ങനെയും പുനരുല്പാദിപ്പിക്കാം. പോസ്റ്റ്മാന്‍ കൊണ്ടുത്തന്ന കത്ത് എന്ന ഭൗതികപെരുമാറ്റം ഇ-മെയിലില്‍ ഇല്ലാതെപോവുകയാണല്ലോ. അപ്പോഴും ഇ-മെയില്‍ അയഥാര്‍ത്ഥമല്ല. കാരണം ഇവിടെ ധര്‍മ്മനിര്‍വഹണമുണ്ട്. അതേസമയം യഥാര്‍ത്ഥവസ്തുവായി നിലനില്‍ക്കുന്നുമില്ല. കാഴ്ചയുടെ ഇത്തരം പുതിയക്രമങ്ങളിലേക്ക് കവിതയ്ക്കുളളിലെ കണ്ണ് കടന്നുകയറുന്നത് തികച്ചും സ്വാഭാവികമാണ്. ഇത്തരം സ്വാഭാവികതകളിലേക്ക്  വിടരാന്‍ വെമ്പുന്ന സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നുവരുന്ന ഉള്‍പ്പേടിയും സന്ദേഹത്തിമിരവും മാട്രിക്സിനുളളില്‍ ഒരു സുതാര്യലയംപോലെ  തിമിര്‍ത്തുകിടക്കുന്നുണ്ട്. യന്ത്രം കാണുമ്പോഴുളള മലയാളിയുടെ അപരിഷ്കൃമായ ഉള്‍ക്കനംതന്നെയാണ്  അനിമേഷന്‍റെ ഫാന്‍റസികളേയും മാട്രിക്സിന്‍റെ ഉളളറയിലാക്കാന്‍ പ്രേരകമാവുന്നത്. എന്നാല്‍ മാട്രിക്സ് പ്രതിക്കൂടല്ല.  അത് എന്തിനേയും എപ്പോഴും പുറത്തേക്കുതുറന്നുവിടുന്ന എന്തിനേയും എവിടെവെച്ചും ദഹിപ്പിച്ചുകളയാന്‍ ആവേഗമുളള ഒരു അനാവൃതസാമ്രാജ്യമാണ്. കവിതയില്‍ ആവൃതമാവുന്ന ആശങ്കകളെ അടിമുടി തല്ലിത്തളര്‍ത്തിയെടുത്ത് ശതഗുണീഭവിപ്പിച്ച് പുതിയ ഭൂഖണ്ഡങ്ങള്‍ കണ്ടെത്താനുളള സര്‍ഗ്ഗാത്മകത  മാട്രിക്സിനുണ്ടെന്നതാണ് ഈ കവിത പകര്‍ന്നേകുന്ന സൗന്ദര്യാഘാതങ്ങള്‍ക്ക് ആധാരം.

പരിസരം മലിനമാവുന്നതും രോഗം സുദൃഢമാവുന്നതും നാസികാസംവേദനത്തിലേക്ക് മാട്രിക്സ് അലിയിച്ചെടുക്കുന്നുണ്ട്. ഒച്ചകളെല്ലാം ചിലപ്പുകളാവുകയും അവ അധികാരവ്യവസ്ഥകള്‍ക്ക് കുടപിടിച്ചുകൊടുക്കുകയും ചെയ്യുന്നതിന്‍റെ  ചെവിപ്പേച്ച് ചിലപ്പതികാരം എന്ന പൗരാണികകാവ്യശീര്‍ഷകത്തിന്‍റെ പദവിഘടനം വഴി സാധിതമാവുന്നു. ഒരു പദം വിഘടിപ്പിച്ചെടുത്ത് നവീനമായൊരു സാംസ്കാരികഭാവം സൃഷ്ടിക്കാനാവുമെന്നതിന് ദൃഷ്ടാന്തമായി ചിലപ്പ് – അധികാരം മാറുന്നു. സൂക്ഷ്മങ്ങളിലഭിരമിക്കാനാവാത്തവിധം എത്രമാത്രം സ്ഥൂലങ്ങളിലേക്ക് പടര്‍ന്നുകിടക്കാനാവുമെന്നതിന്‍റെ ദുസ്സൂചനകള്‍ മൈക്രോഡസിബല്‍ബാധിര്യം എന്ന മാട്രിക്സ് നമ്പരില്‍ ഇടിമുഴങ്ങുന്നുണ്ട്. മൗലികവാദങ്ങളിലേക്ക് അമര്‍ന്നുപോവുകയും അപ്പോഴും കൃത്രിമശരീരലാവണ്യനിര്‍മ്മിതിക്കായി ആധുനികതയെ കൂട്ടുകവിളിക്കുകയുംചെയ്യുന്ന അവസ്ഥാന്തരം  മാട്രിക്സിന്‍റെ തൊലി നടത്തുന്ന നാടുകാണലിലുടെ തെളിഞ്ഞുവരുന്നു. കീടനാശിനിക്കാലരുചികളില്‍ അമര്‍ന്നുപോയ നാവിന്‍റെ അഭിരുചികള്‍ മാത്രമല്ല, ജാതിവ്യവസ്ഥയുടെ ഉത്തരാധുനികമുറിതിരിക്കലുകള്‍ വരെ മാട്രിക്സിനുളളില്‍ ഭദ്രമാണ്. എല്ലാ ഭദ്രതകളേയും യാതൊരുവിധത്തിലുമുളള വിധിതീര്‍പ്പുകള്‍ക്കും വിട്ടുകൊടുക്കാതെ, നിസ്സംഗസംവേദനഛായയില്‍ വിവൃതമാക്കിയിടാന്‍ ഈ കവിതയ്ക്ക് സാധ്യമാവുന്നത് മാട്രിക്സ് എന്ന ഗണിതചിത്രണത്തിന്‍റെ സന്നിവേശം ഒന്നുകൊണ്ടു മാത്രമാണ്. വാക്കിനെ ഇത്തിരിവട്ടത്തില്‍ പതുങ്ങാന്‍ വിടാതെ, അപ്രമേയമായ ഭാവാകാശങ്ങളിലേക്ക് പറത്തിവിട്ട് അര്‍ത്ഥങ്ങളുടെ അനന്തലീലകാണാനിറങ്ങുന്ന ഒരു കവിസ്വത്വം മാട്രിക്സില്‍ കയറി അളളിപ്പിടിച്ചിരിക്കുകയാണ്. സര്‍വ്വനിമിഷവും കുതറിമാറാനായുന്ന സര്‍ഗ്ഗസന്ദര്‍ഭങ്ങള്‍ക്കുളള മുന്നൊരുക്കമെന്ന നിലയിലൊരു അളളിപ്പിടുത്തം. ഉടല്‍ എന്ന കവിത കടല്‍ എന്ന സ്ഥലബോധം പോലെ  പെരുമാറുന്നത് ഇങ്ങനെയെല്ലാമാണ്.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ